മുഖക്കുരുവിനു ശാശ്വത പരിഹാരം

surgeocare

കൗമാരത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖക്കുരു (Pimples). സാധാരണ മുപ്പതു വയസാകുമ്പോഴേക്ക് പലരിലും ഇത് അപ്രത്യക്ഷമാകാറുമുണ്ട്. എന്നാൽ ചിലരിൽ 30 വയസിനുശേഷവും മുഖക്കുരു ഉണ്ടാകുന്നുണ്ട്. മുഖക്കുരു സാധാരണയായി മുഖത്താണ് കാണുന്നതെങ്കിലും ചിലരിൽ നെഞ്ചിലും തോൾഭാഗത്തും പുറം ഭാഗത്തും ഉണ്ടാകാറുണ്ട്. തുടക്കത്തിൽത്തന്നെ ചികിൽസിച്ചില്ലെങ്കിൽ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും കുഴികളും (Scar) ജീവിതാവസാനം വരെ നിലനിൽക്കും. ചികിൽസിച്ചാൽത്തന്നെ സ്കാർ പൂർണമായും മാറാനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണ്.

ആന്റിബയോട്ടിക്കുകളും വൈറ്റമിൻ A ഡെറിവേറ്റിവ് പോലെ ഉള്ളിൽ കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്ന പഴയ ചികിൽസകളെക്കാൾ ഫലപ്രദമായ ചികിൽസ ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ്. ഇത്തരം ചികിൽസകളിൽ മരുന്നുകൾ കഴിക്കേണ്ടാത്തതിനാൽ പാർശ്വഫലങ്ങളെക്കുറിച്ച് പേടിക്കേണ്ട. വിവിധ ഇനം ക്ലിനിക്കൽ പീൽ (Clinical Peel) ആണ് ചികിൽസയ്ക്ക് ഉപയോഗിക്കുന്നത് .

പഴങ്ങളിൽനിന്നു വേർതിരിച്ച് എടുക്കുന്ന ഗ്ലൈക്കോളിക് പീൽ (glycolic peel), തൈരിൽനിന്നു വേർതിരിച്ച് എടുക്കുന്ന ലാക്റ്റിക് പീൽ (Lactic peel), മരുന്നുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന സാലിസി ലിക് പീൽ (Salicylic Peel) എന്നിവയാണ് പ്രധാനമായും മുഖക്കുരു ചികിൽസയ്ക്ക് ഉപയോഗിക്കുന്നത്. മുഖക്കുരുവിന്റെ സ്വഭാവം അനുസരിച്ചാണ് ഡോക്ടർമാർ ക്ലിനിക്കൽ പീൽ തിരഞ്ഞെടുക്കുന്നത്.

30 മിനിറ്റുകൊണ്ട് ചെയ്യുന്ന ചികിൽസയാണ് ക്ലിനിക്കൽ പീൽ. മുഖത്ത് മരുന്നുപുരട്ടി ചെയ്യുന്ന, വേദന ഇല്ലാത്ത ഈ ചികിൽസയ്ക്ക് മുന്നൊരുക്കങ്ങളോ ചികിൽസയ്ക്കുശേഷം വിശ്രമമോ ആവശ്യമില്ല. ചികിൽസ കഴിഞ്ഞ് ഏതുതരം ജോലിയും ചെയ്യാം. സാധാരണ മുഖക്കുരുവിന് ഈ രീതിയിൽ ആറു മുതൽ പത്തു തവണ വരെ ചികിൽസ ആവശ്യമാണ്. ഒരു ക്ലിനിക്കൽ പീൽ കഴിഞ്ഞാൽ 12 മുതൽ 14 ദിവസം വരെ കഴിഞ്ഞാണ് അടുത്തതു ചെയ്യുന്നത്. എന്നാൽ ചിലർക്ക് പൂർണമായി മാറാൻ രണ്ടു മാസത്തെ ഇടവേളകളിൽ ക്ലിനിക്കൽ പീൽ തുടരേണ്ടി വരും. ക്ലിനിക്കൽ പീൽ ചെയ്യുമ്പോൾ, മുഖക്കുരുമൂലം ഉണ്ടായ കറുത്ത പാടുകൾക്കും കുറവുണ്ടാകും .

ക്ലിനിക്കൽ പീൽ ചെയ്യുന്ന സമയത്ത് കൊഴുപ്പടങ്ങിയ ഭക്ഷണം, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *